കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായ പ്രളയക്കെടുതികളിൽ വയനാട് ജില്ലയിൽ ഒരുപാട് നാശ നഷ്ടങ്ങളാണുണ്ടായത്. ഈയൊരു അവസരത്തിൽ ദുരിതത്തിലായവർക്കു വേണ്ടി ക്രിയാത്മകമായി എന്തെങ്കിലും സഹായം ചെയ്യണമെന്നു അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം, വയനാട് കെ. വി. കെ, അമ്പലവയൽ കാർഷിക കോളേജ് എന്നിവിടങ്ങളിലെ ജീവനക്കാർ സംയുക്തമായി തീരുമാനിക്കുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെ അർഹനായ വ്യക്തിയെ കണ്ടെത്തുകയും,അദ്ദേഹത്തിന് വീട് വെച്ചു കൊടുക്കാൻ തീരുമാനിക്കുകയും ചെയ്തു.
അസോസിയേറ്റ് ഡയറക്ടർ ഡോ. കെ അജിത് കുമാർ രക്ഷാധികാരിയും, ഡോ രഞ്ജൻ ബി, അസിസ്റ്റന്റ് പ്രൊഫസർ, ചെയർമാൻ, ഫാം ഓഫീസർ ശ്രീ അബ്ദുൽ റഹ്മാൻ, കൺവീനർ, മറ്റു സംഘടനാ പ്രതിനിധികൾ എന്നിവരടങ്ങുന്ന ഒരു കമ്മറ്റി രൂപീകരിച്ചാണ് പ്രവർത്തനമാരംഭിച്ചത്. മൂന്നു സ്ഥാപനങ്ങളിലെയും ജീവനക്കാരുടെ അകമഴിഞ്ഞ സഹകരണത്തോടെ 6 മാസം മുമ്പ് ആരംഭിച്ച ഈ സ്വപ്ന പദ്ധതിയാണ് 10 July, വെള്ളിയാഴ്ച 2020നു യാഥാർഥ്യമായത്. വളരെ ലളിതമായി സംഘടിപ്പിച്ച ഈ ചടങ്ങിൽ, RARS മേധാവി ഡോ കെ അജിത് കുമാർ, ശ്രീ കോട്ടക്കൽ റെനിയുടെ കുടുംബത്തിന് വീടിന്റെ താക്കോൽ ദാനം നിർവഹിക്കുകയുണ്ടായി.ഈയൊരു എളിയ ഉദ്യമത്തിലേക്കായി സൗജന്യമായി ഭൂമി സംഭാവന ചെയ്ത അമ്പലവയൽ ടൗണിലെ ഓട്ടോറിക്ഷ തൊഴിലാളി കൂടിയായ ശ്രീ ബിജു അറക്കപറമ്പിലിനെ ഈ അവസരത്തിൽ പ്രത്യേകം സ്മരിക്കുന്നു.